കാസര്‍ഗോഡ്: കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കാസര്‍ഗോഡ് വികസന പാക്കേജിന്റെ (കെഡിപി) ഭാഗമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശം നല്കി.
പദ്ധതികളുടെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവൃത്തികള്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ യാതൊരുവിധ കാലതാമസവും ഉണ്ടാകരുത്.
നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി കമ്മീഷന് ചെയ്യണമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ബി. സന്തോഷ്, ജില്ലാ നിര്‍മിതികേന്ദ്ര ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷാജി തയ്യില്‍, കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.